പത്താം ഭാവം കൊണ്ട് തൊഴിലിനെ ചിന്തിക്കാം
പത്താം ഭാവം കൊണ്ട് തൊഴിലിനെ ചിന്തിക്കാം
ജാതകത്തില്‍ പത്താം ഭാവധിപതി ഏതു ഗ്രഹമാണെന്ന് മനസ്സിലാക്കുക.
ആ ഗ്രഹത്തില്‍ പറയുന്ന വിഷയങ്ങള്‍ നോക്കുക. അവയില്‍ എന്തിനോടാണോ അഭിരുചി, അത് സ്‌ഥിര പ്രവൃത്തിയായി സ്വീകരിക്കുക.
പത്താം ഭാവാധിപതി ഏതു ഭാവത്തിലാണോ നില്‌ക്കുന്നത് ആ ഭാവത്തിനനുസരിച്ച രീതിയായിരിക്കും ഉത്തമമെന്ന് മനസ്സിലാക്കുക.
കര്‍മ്മം അഥവാ തൊഴില്‍ മനുഷ്യരാശിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ? കൂലിപ്പണി മുതല്‍ വന്‍ വ്യവസായങ്ങള്‍ വരെ കര്‍മ്മസ്‌ഥാനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ജാതകത്തില്‍ പ്രധാനമായും തൊഴില്‍സ്‌ഥാനം പത്താം ഭാവമാണ്. പത്താം ഭാവാധിപന് യോജിക്കുന്ന തൊഴില്‍ സ്വീകരിക്കുന്നത് ഏകദേശം ഗുണകരമായി അനുഭവപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. എന്നാല്‍ വ്യവസായങ്ങളിലൂടെ വരുമാനം ലഭിച്ചാലും അവയെല്ലാം നിലനിര്‍ത്തിക്കൊണ്ട് പോകണമെങ്കില്‍ പതിനൊന്നാം ഭാവാധിപന്റെയും രണ്ടാം ഭാവാധിപന്റെയും സഹായം കൂടിയേ തീരൂ.
പതിനൊന്നാം ഭാവം ലാഭസ്‌ഥാനവും രണ്ടാം ഭാവം ധനം, വാക്ക്, പ്രവൃത്തി സ്‌ഥാനവുമാണ്. അതിനാല്‍ തന്നെ മേല്‍പ്പറഞ്ഞ രണ്ടു ഭാവധിപന്മാര്‍ ദുര്‍ബലരായാല്‍ കര്‍മ്മ വ്യാപാരാദികളിലൂടെ ലഭിക്കുന്ന ധനത്തിന് സ്‌ഥായിയായി നിലനില്‍പ്പ് തുലോം കുറയുന്നതാണ്. അതുകൊണ്ടുതന്നെ ദുര്‍ബലരായ ഭാവാധിപന്മാരെ ബലപ്പെടുത്തുന്നതിനുള്ള ജപങ്ങളും അനുകൂല രത്നങ്ങളും രക്ഷാ ഏലസുകളും പൂജകളും മറ്റും നടത്തി മുന്നേറാന്‍ ശ്രമിക്കണം.
പത്താം ഭാവാധിപതി നാലാം ഭാവത്തില്‍ നില്‍ക്കുന്നുവെന്ന് കരുതുക. നാലാം ഭാവം സുഖസ്‌ഥാനമാണ്. കേന്ദ്രവുമാണ്. അപ്പോള്‍ തൊഴില്‍ സുഖമുള്ളതും കേന്ദ്ര സ്‌ഥാനമായതുകൊണ്ട് സ്‌റ്റാന്റേര്‍ഡ് ഉള്ളതുമായിരിക്കണം.
നാലാംഭാവം ഭവന സ്‌ഥാനമായതുകൊണ്ട് എടുപ്പുകളുടെ ഉള്ളിലിരുന്നുകൊണ്ടുള്ള പ്രവൃത്തി എന്നും യുക്‌തിക്കനുസരിച്ച് ചിന്തിക്കണം. കര്‍ക്കടക ലഗ്നത്തിന്റെ പത്താം ഭാവാധിപന്‍ ചൊവ്വ അഞ്ചാം ഭാവാധിപനുമാണ്. എന്നാല്‍ തൊഴില്‍ സ്‌ഥാനമായ മേടം രാശി ചരരാശി ആകുന്നതുകൊണ്ടും ലഗ്നാധിപന്‍ ചന്ദ്രനാകുന്നതുകൊണ്ടും സ്‌ഥിരതയുളള ഒരു തൊഴിലും ഇവരില്‍ പലരും സ്വീകരിച്ച് കാണുന്നില്ല.
മാറിമാറി പലതും സ്വീകരിക്കും. ഒന്നിലും ഉറച്ച് നില്‍ക്കാനുള്ള മനോദൃഢത കുറവായും കണ്ടുവരുന്നു. ഇത്തരക്കാര്‍ ചൊവ്വയുടെ രത്നമായ പവിഴം ധരിക്കുകയോ, വജ്ര കിരണാ കവചം ദേഹരക്ഷയായി ധരിക്കുകയോ, സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിത്യം ദീപാരാധന ദര്‍ശിക്കുകയോ ചെയ്‌താല്‍ മനോബലം വര്‍ദ്ധിക്കുന്നതാണ്.അതേ സമയം കുംഭ ലഗ്നക്കാരുടെ കര്‍മ്മസ്‌ഥാനാധിപനും ചൊവ്വയാണ്. ഇവര്‍ ചെറുപ്രായത്തില്‍ തന്നെ സ്‌ഥിരമായ ഒരു തൊഴില്‍ സ്വീകരിക്കുന്നവരായിട്ടാണ് കാണുന്നത്. ഇനി പത്താം ഭാവാധിപനാകുന്ന ഗ്രഹത്തെക്കൊണ്ടുള്ള തൊഴിലുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
1. പത്താം ഭാവാധിപതി വ്യാഴമായാല്‍
സാത്വിക ജനങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ പൂജാകര്‍മ്മങ്ങള്‍, സര്‍ക്കാര്‍ ജോലി, ശാസ്‌ത്രങ്ങള്‍ പഠിപ്പിക്കല്‍, ബാങ്കിംഗ്, പുരാണ പാരായണം, വക്കീല്‍, ന്യായാധിപ സ്‌ഥാനം, ബേക്കറി, മിഠായി വ്യാപാരം, പഴക്കച്ചവടം.
2. ബുധനായാല്‍
ജ്യോതിഷം, അധ്യാപനം, എഴുത്തുജോലി, വേദാദ്ധ്യായനം, അന്യരുടെ മുതല്‍ കൈകാര്യം ചെയ്യല്‍, പുസ്‌തക വ്യാപാരം, ദുര്‍മന്ത്രവാതം, വക്കീല്‍, ഭാഗവത പാരായണം, പൗരോഹിത്യം.
3. ചൊവ്വയായാല്‍
ഭൂമി വാങ്ങി വില്‍ക്കല്‍, ഹോട്ടല്‍ വ്യാപാരം, സ്വര്‍ണ്ണക്കച്ചവടം, ഇരുമ്പുകച്ചവടം, പന്തയം നടത്തുക, ചാരപ്രവൃത്തി, കശാപ്പു കട, സൈനിക പ്രവൃത്തി, പോലീസ്, ചെമ്പു പാത്രക്കച്ചവടം.
4. സൂര്യനായാല്‍
സര്‍ക്കാര്‍ ജോലി, മരക്കച്ചവടം, ഉറുക്കെഴുതല്‍, മന്ത്രവാദം, കരാര്‍ തൊഴിലുകള്‍, കമ്പിളി, കയര്‍ എന്നിവയുടെ കച്ചവടം, ഔഷധ വ്യാപാരം, ഓയില്‍ കമ്പനി നടത്തല്‍, കാട് വളര്‍ത്തല്‍.
5. ചന്ദ്രനായാല്‍
ഐസ് കച്ചവടം, വസ്‌ത്ര കച്ചവടം, മത്സ്യകച്ചവടം, ഡയറിഫാം, മദ്യവില്‍പ്പന, വിവാഹ ദല്ലാള്‍, കാലിക്കച്ചവടം, സ്‌ത്രീകളുടെ സഹകരണത്താല്‍ ചെയ്യാവുന്ന പ്രവൃത്തികള്‍.
6. ശനിയായാല്‍
ധാന്യ വ്യാപാരം, വളം ഡിപ്പോ, നാല്‍ക്കാലി കച്ചവടം, കൃഷി, കിഴങ്ങു വര്‍ഗക്കച്ചവടം, ഫര്‍ണീച്ചര്‍ വ്യാപാരം, മരപ്പണി, കൂലിക്കാരെവച്ച് പണിയെടുപ്പിക്കല്‍, ചുമട്ടു വ്യാപാരം.
7. ശുക്രനായാല്‍
വെള്ളി, അലുമിനിയം, സ്‌റ്റീല്‍ എന്നിവ കൊണ്ടുള്ള കച്ചവടം, കലാപ്രവര്‍ത്തനം, സുഗന്ധ വസ്‌തുക്കളുടെ ബിസിനസ്, വസ്‌ത്രക്കച്ചവടം, കാര്യസ്‌ഥപണി, തോട്ടംവച്ച് പിടിപ്പിക്കല്‍, ഔഷധാലയം, സ്‌ത്രീസഹായംകൊണ്ടുള്ള പ്രവൃത്തികള്‍.
ചിലരുടെ ജാതകപ്രകാരം പത്താം ഭാവാധിപതി ദുര്‍ബലനായിരിക്കും. ഏത് പ്രവൃത്തി ചെയ്‌താലും ഉപജീവനത്തിന് ഞെരുക്കം നേരിടും. അങ്ങനെയുള്ളവര്‍ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയോ, രണ്ടാം ഭാവാധിപതിയുടെയോ പതിനൊന്നാം ഭാവാധിപതിയുടേയോ തൊഴില്‍ മുറയില്‍ ഇഷ്‌ടമുള്ളത് സ്വീകരിക്കണം. പരിഹാര ക്രിയകളും ചെയ്യണം.
ഹരി ഓം
Comments
Post a Comment