ആരോഗ്യകാര്യങ്ങള്‍ ജ്യോതിഷത്തിലൂടെ മനസ്സിലാക്കാം

ആരോഗ്യകാര്യങ്ങള്‍ ജ്യോതിഷത്തിലൂടെ മനസ്സിലാക്കാം
ജനനസമയത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കു വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മനസ്സിലാക്കാം.
പ്രശ്‌നചിന്തയില്‍ രോഗപ്രശ്‌നം എന്ന ഒരു വിഭാഗം തന്നെയുണ്ട്. എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് രോഗങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതു മാറുമോ ഇല്ലയോ, എത്ര കാലം രോഗപീഡയുണ്ടാകും എന്നിവ പ്രശ്‌നം വെച്ച് അറിയാം.
സൂര്യനെക്കൊണ്ടാണു ഹൃദയസംബന്ധമായതും വലതു കണ്ണിനെ സംബന്ധിച്ചതുമായ കാര്യങ്ങള്‍ ചിന്തിക്കുന്നത്. ചന്ദ്രനെ കൊണ്ടു ഇടതു കണ്ണും മനസും ആണു കണക്കാക്കുന്നത്. ചന്ദ്രന്‍ രോഗസ്ഥാനത്തു വരുന്നവര്‍ക്കു മനോരോഗമോ മനക്ലേശമോ ഉണ്ടാവുക സ്വഭാവികമാണ്.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് അനുസരിച്ചു പല രോഗങ്ങളും കൂടുകയും കുറയുകയും ചെയ്യുന്നു. വലിവ് (ആസ്മ), ഭ്രാന്ത് തുടങ്ങിയവ വാവ് ദിവസങ്ങളില്‍ വര്‍ധിക്കുന്നതു കണ്ടിട്ടില്ലേ? സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാണല്ലോ മിക്ക രോഗങ്ങളും വര്‍ധിക്കുന്നത്. ചൊവ്വയുമായി ബന്ധപ്പെട്ടു രക്തസംബന്ധമായ രോഗങ്ങളാണു ചിന്തിക്കുന്നത്. ചൊവ്വയെ ശനിദൃഷ്ടി/യോഗം ചെയ്താല്‍ രക്തസമ്മര്‍ദം ഉണ്ടാകും. ചൊവ്വ രോഗസ്ഥാനത്തു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ തകരാറുകള്‍ കൂടാന്‍ സാധ്യതയുണ്ട്.
ശനിയെ കൊണ്ടാണു വാതസംബന്ധമായതും വായു സംബന്ധമായതുമായ രോഗങ്ങള്‍ ചിന്തിക്കുന്നത്. ശനി സൂര്യനെ ദൃഷ്ടി ചെയ്താല്‍ ഹൃദ്രോഗം വരാന്‍ സാധ്യതയുണ്ട്. ബുധനെക്കൊണ്ടു ബുദ്ധിയും നാഡികളെക്കുറിച്ചും ചിന്തിക്കുന്നു. വ്യാഴത്തിനെ കൊണ്ടാണു സന്താനകാര്യങ്ങള്‍ ചിന്തിക്കുന്നത്. അതിനാല്‍ തന്നെ ബീജസംഖ്യയെക്കുറിച്ചും വ്യാഴത്തിന്റെ ബലത്തിനു സ്ഥിതിക്കും അനുസരിച്ചു ഫലങ്ങള്‍ പറയാം.
ശുക്രനെ കൊണ്ടു ലൈംഗികമായ കാര്യങ്ങളും സൗന്ദര്യത്തെക്കുറിച്ചും ചിന്തിക്കാം. ശുക്രന്‍ ബലമില്ലാത്തവര്‍ സൗന്ദര്യം കുറവുള്ളവരും ശുക്രനു ബലമുള്ളവര്‍ നല്ല സൗന്ദര്യം ഉള്ളവരും ആകും. രാഹുകേതുക്കളെകൊണ്ടു ഞരമ്പ്, കുടല്‍ എന്നിവയെക്കുറിച്ചു കണക്കാക്കുന്നു. ത്വക്ക് രോങ്ങളുണ്ടാകുന്നത് ഈ ഗ്രഹങ്ങളുടെ തകരാറുകൊണ്ടായിരിക്കും.
സന്താനകാരകനായ വ്യാഴഗ്രഹത്തിനു ബലക്കുറവ് ഉള്ള ജാതകമുള്ളവര്‍ക്കു സന്താനമുണ്ടാകാനുള്ള സാധ്യത കുറവാണ്. അവര്‍ക്കു ബീജസംഖ്യ കുറവായും കാണാറുണ്ട്. ശനിയും ചൊവ്വയും തമ്മില്‍ ദൃഷ്ടി വരുന്നവര്‍ക്കും അവ ഒന്നിച്ചു നില്‍ക്കുന്നവര്‍ക്കും രക്തസമ്മര്‍ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സൂര്യന്‍ ശനിയുടെ ദൃഷ്ടിയില്‍ വന്നാല്‍ ഹൃദ്രോഗം വരാന്‍ ഇടയുണ്ട്. രോഗസ്ഥാനത്തു (ജാതകത്തിലെ ആറാം ഭാവം) നില്‍ക്കുന്നതോ അങ്ങോട്ടു ദൃഷ്ടിചെയ്യുന്നതോ ആയ ഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണു രോഗം മനസിലാക്കുക.
രോഗസ്ഥാനത്തു കേതു നിന്നാല്‍ കാരണം കണ്ടെത്താന്‍ കഴിയാത്ത (അലര്‍ജി പോലുള്ള) രോഗങ്ങള്‍ ഉണ്ടാകും. സന്താനഭാവത്തില്‍ കേതു നില്‍ക്കുന്നവര്‍ക്ക് അബോര്‍ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഒരു കുട്ടി പഠിക്കുന്നത് ഒന്നും ഓര്‍മ നില്‍ക്കുന്നില്ല. ബുദ്ധിയില്ലാഞ്ഞിട്ടാണോ എന്നു സംശയവുമായി വരുന്ന സമയത്തു കുട്ടിയുടെ ജാതകത്തില്‍ ബുധനു മൗഡ്യമുണ്ടെങ്കില്‍ സാരസ്വതഘൃതം കഴിക്കാന്‍ പറയുകയും സരസ്വതിക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പറയുകയാണു പതിവ്. മരതകരത്‌നമോ ഒരു ഏലസോ ധരിക്കാന്‍ കൂടി നിര്‍ദേശിക്കുമ്പോള്‍ ഒരു രോഗത്തിനു ത്രിമാന രീതിയിലുള്ള പരിഹാരമായി. പോസിറ്റീവ് തിങ്കിങ്, ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ദൈവാധീനം കൊണ്ടു രോഗം മാറുമെന്നു ചിന്തയും നല്‍കുന്നു. സാരസ്വതഘൃതം പൂജിച്ചു കഴിക്കുമ്പോള്‍ വിശ്വാസം ഫലത്തിനു വേഗത വര്‍ധിപ്പിക്കും.
ആചാര്യന്‍ ഗംഗാധരന്‍ കള്ളിക്കല്‍
ആര്‍ഷജ്യോതി ജ്യോതിഷ വിചാരസഭ
വാട്സപ്‌ നമ്പര്‍ : 9744936408

Comments