ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

ഹരി ഓം
ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം
ആദിത്യൻ :
സൂര്യനെ പിതൃ കാരകൻ എന്ന് പറയുന്നു. മനുഷ്യൻ്റെ ആത്മാവായും പിതാവുമായും സൂര്യനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ജ്യോതിഷ ഭാഷയിൽ പറഞ്ഞാൽ സൂര്യന് ആത്‌മകാരത്വവും പിതൃ കാരത്വവും ഉണ്ട്.സൂര്യന് രാജാവിൻറെ സ്ഥാനമാണ് ഉള്ളത്.ശക്തിയും പ്രതിരോധ ശക്തിയും നൽകുന്നത് സൂര്യനാണ്.ശ്വാസോഛ്വാസം നിയന്ത്രിക്കുക മനഃസാക്ഷി സൂക്ഷിക്കുക വ്യക്തിത്വം നിലനിർത്തുക തന്റേടം ഉണ്ടാക്കുക മുതലായ കാര്യങ്ങൾ സൂര്യൻ നൽകുന്നു.ജാതകത്തിൽ സൂര്യനെ കൊണ്ട് പിതാവിന്റെ ചിന്തിക്കുന്നു.സൂര്യനാണ് സർക്കാരിനെ പ്രതിനിതീകരിക്കുന്നത്.ശരീരാവയവങ്ങളിൽ ഹൃദയം,വായ,തൊണ്ട ഇവയുമായി ബന്ധം സൂര്യനാണ്.ജാതകത്തിൽ സൂര്യന് ബലം പോരെങ്കിൽ മുൻ പറഞ്ഞ ശരീര ഭാഗങ്ങളിൽ രോഗം ഉണ്ടാകുന്നു.
ഈശ്വര ഭക്തി,പ്രാമാണികത്വം,പ്രവർത്തന ക്ഷമത,ധൈഷ്ണത,ഉല്പതിഷ്ണത,ഭരണ സാമർഥ്യം,ആത്‌മവിശ്വാസം,കീർത്തി,ഉദാര മനസ്കത,വലിയവരോട് ബഹുമാനം,പ്രശസ്തി,സർക്കാർ ജോലി ഇവയെല്ലാം സൂര്യൻറെ ഗുണ വിശേഷങ്ങളാണ്.അതായത് ജാതകത്തിൽ സൂര്യന് ബലമുണ്ടെങ്കിൽ ആ വ്യക്തി ഈ തുറകളിലെല്ലാം ശോഭിക്കും.സൂര്യന് ബലം ഇല്ലെങ്കിൽ ഈ തുറകളിൽ മങ്ങൽ ഏൽക്കും.രാശി ചക്രത്തിൽ സൂര്യന് ആധിപത്യം ചിങ്ങം രാശി അഥവാ സിംഹ രാശിയിലാണ്.
അച്ഛനും ദേവനും രാജാ,
വാത്മാവും പ്രാണനസ്തിയും
വൈദ്യ ജ്യോതിർ ദിവാ നിത്യ
ദൃത് മർക്കേണ ചിന്തയേൻ
പിതാവ്,ദേവൻ,രാജാവ്,ആത്‌മാവ്‌,പ്രാണൻ,അസ്ഥി,വൈദ്യൻ,ജ്യോതിസ്,പകൽ,കണ്ണ് എന്നിവ അർക്കനെ(സൂര്യനെ )കൊണ്ട് ചിന്തിക്കണം.
ചന്ദ്രൻ:- മാതൃകാരകൻ
ചന്ദ്രന് മനസ്സും ദേഹവും അമ്മയുമായി ബന്ധമുണ്ട്.അതായത് ചന്ദ്രൻ മനഃ കാരകനാണ്.മാതൃകാരകനും ദേഹകാരകനും ആണ്.ഗർഭധാരണം,പ്രസവം,ഭ്രൂണം,ജോലി മാറ്റം,താമസ സ്ഥലം മാറ്റം എല്ലാത്തിനും മാറ്റം വേണമെന്ന തോന്നൽ ഇവയെല്ലാ൦ ചന്ദ്രനുമായി ബന്ധമുണ്ട്.ജലദോഷ൦ അജീർണം മുതലായ രോഗങ്ങളെല്ലാ൦ ചന്ദ്രൻ്റെ കാരകത്വത്തിൽ പെടും.രാശി ചക്രത്തിൽ ചന്ദ്രൻ്റെ ആധിപത്യം കർക്കിടകം രാശി ആണ്.
മനസ്സും ബുദ്ധിയും ദേഹം
രക്തം സുഖവുമമ്മയും
കൃഷിയും വെള്ളവും നെല്ലും
രാത്രിയും ചന്ദ്രതോവതേ:
മനസ്സ്,ബുദ്ധി,ദേഹം,രക്തം,സുഖം,മാതാവ്,കൃഷി,വെള്ളം,നെല്ല്,രാത്രി എന്നിവ ചന്ദ്രനെ കൊണ്ട് പറയുന്നു.
ചൊവ്വ :- സഹോദര കാരകത്വം
ചൊവ്വ സഹോദര കാരകനാണ്.അതായത് സഹോദരനെ പറ്റിയുള്ള കാര്യങ്ങൾ ജാതകത്തിൽ ചൊവ്വയുടെ സ്ഥിതിയിൽ നിന്നു മനസ്സിലാക്കാം.അതുപോലെ തന്നെ മനുഷ്യൻ്റെ ആഗ്രഹങ്ങൾ,അഭിലാഷങ്ങൾ,പ്രാകൃത വാസനകൾ,സ്വാശ്രയ ശീലം,സഹന ശക്തി,സാഹസിക പ്രവർത്തികൾ,ധൈര്യം,വീര്യം,വരുന്നത് വരട്ടെ എന്ന സ്വഭാവം എന്നിവ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു.സംഘടനാ വൈഭവം,ജീവിതത്തിൽ ഉയർച്ചയ്ക്കുള്ള ആഗ്രഹം,നേതൃത്വം,അഭിഷ്ടസിദ്ധി എന്നിവ ചൊവ്വയുടെ ബന്ധപ്പെട്ടിരിക്കുന്നു.ജാതകത്തിൽ ചൊവ്വയുടെ സ്ഥിതി നോക്കി മുകളിൽ പറഞ്ഞ കാര്യങ്ങൾ ചിന്തിക്കണം. കുജന് ആധിപത്യമുള്ള രാശി മേടവും വൃശ്ചികവും ആണ്.
ഭ്രാതാവും ഭൂമിയും സത്വം
യുദ്ധം ശത്രുക്കളായുധം
രസ വാദാഭിയും തീയും
മേദസ്സ് എന്നിവ ഭൂമിജൻ
ഭ്രാതാവ്-സഹോദരൻ ,ഭൂമി,സത്വം(ബലം )യുദ്ധം,ശത്രുക്കൾ,ആയുധം,രസവാദം,അഗ്നി,മേദസ്സ് എന്നിവ ഭൂമിജനെ (ചൊവ്വ) കൊണ്ട് ചിന്തിക്കണം.
ബുധൻ-മാതുല കാരകൻ
ബുധൻ മാതുല കാരകനും വിദ്യാ കാരകനും ആണ്.പ്രതിഭ,ബുദ്ധിശക്തി,വേഗ൦ ,കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്,യുക്തി ,യുക്തമായി വധിക്കാനുള്ള കഴിവ്,വിദേശ യാത്രയിൽ ആഗ്രഹം,വേദാന്ത ജ്ഞാനം എന്നിവയുടെ കാരകത്വം ബുധനാണ്‌.
പല പ്രവൃത്തികളും തുടങ്ങി വച്ച് ഒരു പ്രവൃത്തിയും പൂർത്തിയാകാതിരിക്കുകയും ബുധൻറെ സവിശേഷത ആണ്.
പാണ്ഡിത്യം, വാക്ക്,വാക്‌ചാതുര്യം ,കണക്ക് ശാസ്ത്ര ജ്ഞാനം,വിദ്യ,വിഷ്ണു ഭക്തി തുടങ്ങിയവ ബുധനെ കൊണ്ട് ചിന്തിക്കണം.ജാതകത്തിൽ ബുധന് ബലമുണ്ടെങ്കിൽ വാഗ്മികിയോ സെയിൽസ്മാൻ മാരോ ആയിരിക്കും.ചിലർക്ക് ബഹു ഭാഷാ പാണ്ഡിത്യവും കാണും.ബുധന് ആധിപത്യമുള്ള രാശികൾ മിഥുനം കന്നി എന്നിവയാണ്.
എഴുത്തും ഗണിതം വാക്കും
കളിയും കൗശലങ്ങളും
ജ്ഞാനം ബന്ധുക്കളമ്മാവൻ
ത്വക്കും പക്ഷികളും ബുധൻ.
എഴുത്ത്,ഗണിതം,വാക്ക്,കളി,കൗശലങ്ങൾ ,ജ്ഞാനം,ബന്ധുക്കൾ,അമ്മാവൻ,ത്വക്ക്,പക്ഷികൾ എന്നിവ ബുധനെ കൊണ്ട് ചിന്തിക്കണം.
വ്യാഴം :- പുത്രകാരകൻ -ലനകാരകൻ
വ്യാഴത്തെ കൊണ്ട് മുഖ്യമായും സന്താനങ്ങളുടെ കാര്യമാണ് ചിന്തിക്കുന്നത്.സ്വഭാവം,ശ്രദ്ധ,ധ്യാനം,പ്രാർത്ഥന,ഭജന തുടങ്ങിയവ വ്യാഴത്തിൻറെ പ്രത്യേകതകൾ ആണ്.പൂർവ പുണ്യത്വം,വിജയം,ബഹുമാനം,ഭാഗ്യം,ഐശ്വര്യം,ഈശ്വരാനുഗ്രഹം എന്നിവ വ്യാഴത്തിൻറെ ധർമങ്ങളാണ്.പ്രശസ്തി,ബഹുമാനം ഇവ നൽകുന്നതും വ്യാഴമാണ്‌.ഐശ്വര്യം,സമ്പത്ത്,വേദാന്തം,പരോപകാര ചിന്ത,സൽസ്വഭാവം,നീതിപരത തുടങ്ങിയവ വ്യാഴം പ്രദാനം ചെയ്യുന്നു.
രാശി ചക്രത്തിൽ വ്യാഴത്തിൻറെ ആധിപത്യം ധനു,മീനം രാശികളാണ്.
ബുദ്ധിയും പുത്രനും ജ്ഞാനം
ദേഹമർത്ഥം ഗുരുത്വവും
സുഖം മന്ത്രം ച മന്ത്രിത്വം
നയവു൦ വസയും ഗുരുവും
ബുദ്ധി,പുത്രന്മാർ,സ്നേഹം.ശരീരം,ധനം,ഗുരുത്വം,സുഖം,മന്ത്രം,മന്ത്രിത്വം നയം,വസ എന്നിവ ഗുരുവിനെ കൊണ്ട് -വ്യാഴത്തെ കൊണ്ട് ചിന്തിക്കണം.
ശുക്രൻ:- കളാതകാരകൻ
ദാമ്പത്യ ജീവിതത്തിലെ പങ്കാളികൾ സുഖ സൗകര്യങ്ങൾ ഇവയൊക്കെ പറയുന്നത് ജാതകത്തിൽ ശുക്രൻറെ സ്ഥിതി അനുസരിച്ചാണ്.കുടുംബാങ്ങങ്ങളുമായി സ്നേഹം,പ്രേമം,ഭാര്യയോടുള്ള സ്നേഹം,കാമുകത്വം,ലൈംഗിക സുഖം ,ആഭരണങ്ങൾ,വാഹനം,ശയ്യോപകരണങ്ങൾ,ഇന്ദ്രിയ തൃപ്തി,സുഖ ലോലുപത ഇവയെല്ലാം ശുക്രനെ കൊണ്ട് ചിന്തിക്കണം.
രാശി ചക്രത്തിൽ ശുക്രൻറെ ആധിപത്യം ഇടവം,തുലാം രാശികളിലാണ്.
കളത്രം ശയനം കാമം
കവിത്വം ഭോഗവും സുഖം
ശുക്ലവസ്ത്രം ച മന്ത്രിത്വം
ശുക്ലാൽ ഗീതം പശുക്കളും.
ഭാര്യ അല്ലെങ്കിൽ കളത്രം ,ശയനം,കാമം ,കവിത്വം,ഭോഗം,സുഖം,ശുക്ലവസ്ത്രം(വെള്ള വസ്ത്രം )മന്ത്രിത്വം,ഗീതം(പാട്ട് )പശുക്കൾ എന്നിവ ശുക്രനെ കൊണ്ട് ചിന്തിക്കണം.
ശനി :- ആയുസ്സ്,മരണം
ശനിക്ക് ആയുസ്സിൻറെ കാരകത്വവും മരണത്തിൻറെ കാരകത്വവും ഉണ്ട്.ഉപജീവന കാരകൻ ശനിയാണ്.ശനിക്ക് മന്ദഗതി ആയതു കൊണ്ട് എല്ലാ കാര്യങ്ങൾക്കും മന്ദത വരുത്തും.നിരാശ,പൊരുത്തക്കേട്,ദുഃഖം,തടസ്സങ്ങൾ ,സ്ഥിര പ്രയത്നം,മിതവ്യയം എന്നിവയും ശനിയുടെ പ്രത്യേകതകളാണ്.മരണം,രോഗം,ഭൃത്യ സ്വഭാവം,ആയുസ്സ്,അന്യ ഭാഷാ പഠനം,അപമാനം,ദാരിദ്ര്യം,ആപത്ത്,നീച സംസർഗം,അലസത,ബന്ധനം,ഓർമക്കുറവ്,നാശം,കറുപ്പ് നിറം തുടങ്ങിയവ ശനിയെ കുറിച്ച് ചിന്തിക്കണം.
രാശിചക്രത്തിൽ ശനിയുടെ ആധിപത്യമുള്ള രാശികൾ മകരം,കുംഭം എന്നിവയാണ്.
വ്യാധിയും മൃത്യുവും ദുഃഖം
വധവും നീച വൃത്തിയും
ദാസ ദൃര്യാഭി യജ്ഞാനാം
സ്നായുവും മന്ദതോ വതേ:
പിതാമഹൻ,ചൂത്,പണയം എന്നിവ രാഹുവിനെ കൊണ്ടും മാതാമഹൻ,വൃണം,പീഡനം,വിശപ്പ് എന്നിവ കേതുവിനെ കൊണ്ടും ചിന്തിക്കണം.
ഗ്രഹങ്ങളും രാശികളും തമ്മിലുള്ള ബന്ധം.
ഗ്രഹങ്ങൾ സഞ്ചരിക്കുന്ന മാർഗത്തെ(orbit ) സൗകര്യത്തിനായി 12 രാശികളായി വിഭചിച്ചിരിക്കുന്നു.അതുപോലെ തന്നെ ഓരോ ഗ്രഹവും ഓരോ വേഗതയിൽ സൂര്യനെ ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.സൂര്യൻ ഓരോ രാശിയിലും മുപ്പതു ദിവസം തങ്ങിയിട്ട് അടുത്ത രാശിയിൽ പ്രവേശിക്കുന്നു.
(സൂര്യൻ സഞ്ചരിക്കുന്ന ഗ്രഹമല്ല.എങ്കിലും ഗണിത സൗകര്യത്തിനു വേണ്ടി അങ്ങനെ സങ്കൽപ്പിക്കുന്നു.)
സൂര്യൻ ഏകദേശം മുപ്പതു ദിവസം ചിലപ്പോൾ 31,32 ദിവസം കൊണ്ട് ഒരു രാശിയിൽ കൂടി സഞ്ചരിച്ചു അടുത്ത രാശിയിൽ പ്രവേശിക്കുന്നു.ഒന്നാം തീയതി ഒരു രാശിയിൽ പ്രവേശിച്ചു ഓരോ ദിവസമായി 30 ദിവസം കടന്നു ആ രാശിയിലെ സഞ്ചാരം പൂർത്തിയാക്കി അടുത്ത ഒന്നാം തീയ്യതി അടുത്ത രാശിയിൽ പ്രവേശിക്കുന്നു.
ചന്ദ്രൻ ഒരു രാശിയിൽ രണ്ടേകാൽ ദിവസം സഞ്ചരിച്ചു 27 ദിവസം കൊണ്ട് 12 രാശികളിലെയും യാത്ര പൂർത്തിയാക്കുന്നു.
ചൊവ്വ(കുജൻ)ഒന്നര മാസ കാലം കൊണ്ട് ആ രാശി സഞ്ചാരം പൂർത്തിയാക്കുന്നു.
ബുധൻ ഒരു രാശിയിൽ ഏകദേശം ഒരു മാസക്കാലം കൊണ്ട് സഞ്ചാരം പൂർത്തിയാക്കുന്നു.
ശുക്രൻ ഒരുമാസക്കാലം കൊണ്ട് രാശി സഞ്ചാരം പൂർത്തിയാക്കുന്നു.
വ്യാഴം ഏകദേശം ഒരു വർഷം കൊണ്ട് രാശി സഞ്ചാരം പൂർത്തിയാക്കുന്നു.
ശനിയാണ് ഒരു രാശിയിൽ ഏറ്റവും കൂടുതൽ സഞ്ചാര സമയം എടുക്കുന്നത്.അതായത് ഏകദേശം രണ്ടര വർഷം .
രാഹു കേതുക്കൾ ഒരു രാശിയിൽ ഒന്നര വർഷക്കാലം സഞ്ചരിക്കുന്നു.
ഇങ്ങനെ സഞ്ചരിക്കുന്ന ഗ്രഹങ്ങൾ രാശിയിൽ കൂടി പല വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ഒരു പ്രത്യേക സമയത്തു ചില രാശികളിൽ ഒരു ഗ്രഹവു൦ ചില രാശികളിൽ രണ്ടോ മൂന്നോ നാലോ അഞ്ചോ ഗ്രഹങ്ങളും അല്ലെങ്കിൽ അഷ്ട ഗ്രഹങ്ങളും ചില രാശികളിൽ ഒരു ഗ്രഹവും ഇല്ലാതിരിക്കുകയും ചെയ്യും.ഒരേ സമയത്തു എല്ലാ രാശികളിലും ഗ്രഹങ്ങൾ സ്ഥിതി ചെയ്യണമെന്ന് കരുതരുത്.12 രാശികൾക്ക് 9 ഗ്രഹങ്ങളേ ഉള്ളൂ.അപ്പോൾ ചില രാശികളിൽ ഗ്രഹങ്ങൾ ഉണ്ടായിരിക്കുകയില്ല. ഇങ്ങനെ ഗ്രഹ ശൂന്യമായ രാശിയെ ശുദ്ധരാശി എന്ന് പറയുന്നു

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗണപ്പൊരുത്തം കണ്ടുപിടിക്കുന്ന വിധം