ഭക്തിചിന്തകളും അറിവുകളും
ഭക്തിചിന്തകളും അറിവുകളും
ഈ ജഗത്തിലെ ഓരോ വസ്തുക്കളിൽ നിന്നും നമുക്ക് പഠിക്കേണ്ടതായ കുറെ കാര്യങ്ങളുണ്ട്.,ആ നിലയ്ക്ക് ഒരി കൃമികീടമോ ഒരു പുൽതരി പോലും നമുക്ക് ഗുരുസ്ഥാനീയരാണു.
ഈ ജഗത്തിനെ മുഴുവൻ ഗുരുവായി സ്വീകരിച്ചതുകൊണ്ടാണു ശങ്കരാചാര്യ സ്വാമികൾ ജഗത്ഗുരു ശങ്കരാചാര്യസ്വാമികളായത്. അല്ലാതെ ഈ ജഗത്തിന്റെയെല്ലാം ഗുരുവാണു ആചാര്യസ്വാമികൾ എന്ന നിലയ്ക്കല്ല.
എങ്ങിനെയാണു ഈ ജഗത്തിനെതന്നെ ഗുരുവായികാണാൻ നമുക്ക് കഴിയുന്നത്.
സകലതും തന്നുള്ളിലും സകലതിനുള്ളിൽ താനുമെന്ന ഈശ്വര സങ്കല്പം തന്നെയാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. പ്രകൃതിയെ ഒന്നു സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിനെപ്പറ്റിയല്പം ഗാഢമായി ചിന്തിച്ചാൽ നമ്മുക്കു തന്നെ മൻസ്സിലാക്കാവുന്നതേ ഉള്ളു ഇക്കാര്യം.
ഒരു കേന്ദ്രത്തെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന പരമാണുക്കളായ ആറ്റങ്ങൾ മുതൽ സൗരയൂഥങ്ങളും സഹസ്ര കോടി സൗരയൂഥങ്ങളാൽ ഉണ്ടായിട്ടുള്ള ബ്രഹ്മാണ്ഡങ്ങളൂം അങ്ങനെയുള്ള ബ്രഹ്മാണ്ഡങ്ങൾ ചേർന്ന് മറ്റൊരു ചക്രം.... അങ്ങനെ സൂക്ഷ്മാവസ്ഥയിലും അതി സൂക്ഷ്മാവസ്ഥയിലും കാരണാവസ്ഥയിലും സ്ഥൂലാവസ്ഥയിലും... എല്ലാം ഒന്നിനുള്ളിൽ അനേകം ചക്രവ്യൂഹങ്ങളൂം അവയിലെ കണങ്ങൾക്കൂള്ളിലെ ചക്രവ്യൂഹങ്ങൾ... അവയുടെയുള്ളിൽ... തീർന്നില്ല ... ഇനിയും അറിയുവാൻ എന്തെല്ലാം കീടക്കുന്നു. മനുഷ്യന്റെ ദഹനാവയവങ്ങൾക്കുള്ളിൽ ത്തന്നെ 3 ദശലക്ഷത്തോളം ബാക്ക്ടീരിയകൾ, ഫംഗസ്സുകൾ, വയറസ്സുകൾ .. അവയൊന്നും തിങ്ങി ഞെരുങ്ങി അട്ടിയിട്ട പൊലെ ഇരിക്കുകയല്ല. മറിച്ച് അവരുടേതായ ഒരു സൂക്ഷ്മ ലോകവും ജീവ സന്ധാരണവും.... എന്നാൽ അവയൊന്നും മനുഷ്യൻ എന്ന ഒരു ജീവിയെപ്പറ്റിയറിയുന്നില്ല. അവർ അവരുടെ ലോകത്തിൽ അവർക്കിഷ്ടമുള്ള പോലെ ജീവിയ്ക്കുന്നു. മണിക്കൂറുകളും ആഴ്ചകളുമൊക്കെ ആയുസുള്ള അവയ്ക്കൊന്നും വർഷങ്ങൾ അതി വിധൂരമായിരിക്കും.
സഹസ്രകോടി ആറ്റങ്ങൾ ഒരേ അനുപാതത്തിൽ ഒരുമിച്ച് കമ്പന- പ്രതികമ്പനങ്ങൾ നടത്തുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ മാത്രമാണ് ഒരോ ജീവിയും. പഞ്ചഭൂത തത്ത്വത്തിൽ അധിഷ്ടിതമായ ഭൗതിക ശരീരം അനേകം മൂലകങ്ങളുടെ സംയുക്തങ്ങളും രാസബന്ധനത്താലുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങളൂം സൂക്ഷങ്ങളായ അന്തേവാസികളും ചേരുമ്പോൾ അചരങ്ങളും ആ അചരങ്ങളായ വസ്ഥുക്കളിൽ ബുദ്ധി, മനസ്സ്, അവ്യക്തം, എന്നിവ ചേർന്ന് പ്രവർത്തന സജ്ജമാകുമ്പോൾ അവ ചരങ്ങളായി മാറുന്നു.
ഇവയിലെല്ലാം അതിന്റെ ഉള്ളിലെ ഞാനെന്ന അഹംഭാവത്തെ ബ്രഹ്മമായി നമ്മൾ കരുതുന്നു. അങ്ങനെ കോടാനുകോടി തന്മാത്രകളൂടെ ഒരുമിച്ചുള്ള പ്രകമ്പനവും അവയിൽ ആവാഹിയ്ക്കപ്പെട്ട ബ്രഹ്മവും "സത്" ചേരുമ്പോൾ അതു ജീവിയാകുന്നു. ബ്രഹ്മത്തിന്റെ കാരണാവ്സ്ഥ അതിൽ നിന്നും വിട്ടുമാറുമ്പോൾ "സത് പോയി" എന്നുള്ളത് നാമിന്നു ചത്തു പോയെന്നു പറഞ്ഞു ശീലിച്ചിരിക്കുന്നു.
എന്നാൽ സത് എന്താണെന്ന് തിരിച്ചറിയാതെ അത് പോയി എന്നും പറയുന്നതിൽ അർത്ഥമില്ല.
സത് എവിടെ നിന്നും വന്നും എവിടേയ്ക്കു പോകുന്നു? ജീവികളീലെ ഈ ബ്രഹ്മ ചൈതന്യത്തെ ജീവാത്മായി കണക്കാക്കുമ്പോൾ ഓരോ ജീവാത്മാവിനും അതിന്റേതായ പ്രത്യേകതയും സ്വഭാവവും ഉണ്ടായിരിക്കും.
പരബ്രഹ്മത്തിൽ നിന്നും പുറപ്പെട്ട് പരബ്രഹ്മത്തിലേയ്ക്കെത്തുവാൻ അനേകം ജ്ഞാന വിജ്ഞാനങ്ങളാലും പ്രജ്ഞാനത്താലും ഉദ്ദ്വ്വീപിക്കപ്പെട്ട് പരിപൂർണ്ണ ജ്ഞാത്തിൽ എത്തുമ്പോൾ പരബ്രഹ്മത്തിലേയ്ക്കു തന്നെ ലയിക്കുന്നു.
അതിനായി കല്ലായും മണൽത്തരിയായും പുൽച്ചെടികളായും കൃമികീടങ്ങളായും വിവിധ ജന്തുക്കളായുമെല്ലാം അതതിന്റെ ജീവിതചര്യയിലൂടെ അറിവു സമ്പാദിക്കുന്നു. എന്നാൽ മനുഷ്യ ജന്മത്തിൽ തിരിച്ചറിവ്, ഞാനാരെന്നും എന്റെ ആഗമ്നോദ്ദേശ്യമെന്തെന്നുമുള്ള തിരിച്ചരിവ്, ലഭിയ്ക്കേണ്ടതാണ്. എന്നാൽ കർമ്മത്തിനുള്ള ഉപകരണങ്ങളായ ഇന്ദ്രീയങ്ങളുടെ അടിമയായി ജീവിയ്ക്കുന്ന മനുഷ്യർ താൻ പൂർവ്വജന്മങ്ങളിൽ നേടിയ ആറിവുകൾ പോലും നഷ്ടപ്പെട്ട് വീണ്ടും കൃമി ജന്മത്തിൽപ്പോലുമെത്തേണ്ടി വരുമെന്നാണ് സങ്കല്പം.
ഇതിനായി ജീവാത്മാക്കളെ സജ്ജീകരിയ്ക്കുന്ന പരീക്ഷണശാലകൾ 28 എണ്ണമുണ്ടെന്നു പറയപ്പെടുന്നു. അവയെ നരകമെന്നു വിളിയ്ക്കുന്നതിൽ തെറ്റില്ല. ഇനി അറിവു നേടിയ ആത്മാക്കൾ പല പുനർജ്ജന്മത്തിനേയും കവച്ചു വെച്ച് ഉത്കൃഷ്ടങ്ങളായ ജന്മത്തിലെത്തുന്ന മാർഗ്ഗം കുറേക്കൂടി സുഗമവും സുഖ പ്രദവുമായിരിക്കുമെന്നു വിശ്വസിച്ചാൽ, അതിനെ സ്വർഗ്ഗമെന്നും വിളിക്കാം.
അങ്ങനെ അന്തർഭാഗത്തും ബഹിർഭാഗത്തും നിറഞ്ഞു നിൽക്കുന്ന ഭഗവത് ചൈതന്യത്തെ അന്തരംഗത്തിൽ ഒന്നായ്ക്കണ്ടു കൊണ്ട്, ആകാശത്തെപ്പോലെ സകലയിടത്തും ഒരുപ്പോലെ വ്യാപിച്ച് നിസ്സംഗനായിട്ടിരിയ്ക്കണം യഥാർത്ഥ യോഗി. വായൂ ആകാശ മാർഗ്ഗത്തിലൂടെ മേഘങ്ങളെ വഹിച്ചു കൊണ്ടു സഞ്ചരിയ്ക്കുന്നത് പോലെ ശരീരത്തിലൂള്ള ഇന്ദ്രീയ വിഷയങ്ങൾ പ്രാണൻ വഹിച്ചു കൊണ്ടിരിയ്ക്കുമ്പോളും മേഘങ്ങൾ വായുവുമായോ വായു ആകാശമായോ ബന്ധമില്ലതെ ഇരിയ്ക്കുന്നതു പോലെ പ്രാണൻ ഇന്ദ്രീയങ്ങളൂയും അതിനെ വഹിയ്ക്കുന്ന ദേഹത്തിനേയും വ്യാപരിയ്ക്കുമ്പോളൂം ദേഹപ്രാണധർമ്മങ്ങളൊന്നും പരമാത്മാവിനെ ബാധിയ്ക്കുന്നില്ല, ഈ തത്ത്വം മനസ്സില്ലാക്കിത്തന്നതു കൊണ്ടാണ് ആകാശത്തിനെ നമ്മുട പൂർവ്വസൂരികൾ ഒരു ഗുരുവായി സ്വീകരിച്ചത്.
ഈ വിധത്തിൽ പ്രകൃതിയെതന്നെ..., ഈ ജഗത്തിനെ തന്നെ വീക്ഷിച്ചാൽ ആ ജഗത്സത്യവുമായി താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞാൽ ഈ ജഗത്ത് തന്നെ നമുക്ക് ഗുരുവായും ഈശ്വാരനായുമൊക്കെ മാറും. അതിനു നമുക്ക് കഴിയട്ടെ.
ഹരേ കൃഷ്ണ... നാരായണ
Comments
Post a Comment