മരണം-മരണാനന്തരാവസ്‌ഥ-പ്രേതബാധ-പ്രശ്‌നചിന്തനം
മരണം-മരണാനന്തരാവസ്‌ഥ-പ്രേതബാധ-പ്രശ്‌നചിന്തനം
ഒരാത്മാവ് പരമാത്മാവില്‍ വിലയം പ്രാപിച്ചാല്‍ ജനനമരണമില്ലാതെ നിത്യാനന്ദത്തില്‍ കഴിയുമെന്നാണ് സങ്കല്‌പം. ഫലേച്‌ഛകൂടാതെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിച്ച വിഷ്‌ണുഭക്‌തര്‍ വൈകുണ്‌ഠത്തിലും, ശൈവഭക്‌തര്‍ കൈലാസത്തിലും എത്തിച്ചേര്‍ന്ന് അവസാനം ശാശ്വതമായ പരബ്രഹ്‌മത്തില്‍ ലയിച്ചു ചേരുമത്രേ!ബഹുഭൂരിപക്ഷം ജനങ്ങളും കേള്‍ക്കാനും, ഓര്‍മ്മിക്കാനും ആഗ്രഹിക്കാത്ത ഒരു വിഷയമാണ് മരണം. എന്നാല്‍ മനുഷ്യശരീരത്തില്‍ തന്നെ പല പ്രകാരേണയുള്ള മരണം നടക്കുന്നുണ്ട്. ശരീരത്തിലെ സെല്ലുകള്‍- കോശങ്ങള്‍ ജനിക്കുകയും മരിക്കയും ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നുവെന്ന സത്യം ആരും ശ്രദ്ധിക്കാറില്ല. ശരീരത്തിന്റെ ഭാഗമായ പല്ലുകള്‍ കേടായാല്‍ ഡോക്‌ടര്‍ അതെടുത്തുകളയുന്നതിലൂടെ അതിന്റെ മരണമാണ് നടക്കുന്നത്.ഒരാളുടെ കാല് വെട്ടിമാറ്റേണ്ടിവരുമ്പോഴും ആ അവയവത്തിന്റെ മരണം സംഭവിക്കുന്നു. എന്നാല്‍ സാധാരണഗതിയില്‍ ഒരാളുടെ ശരീരത്തില്‍നിന്ന് 'ആത്മാവ്' വേറിട്ടുപോകുന്ന അവസ്‌ഥയെ മാത്രമേ മരണമായി അംഗീകരിക്കപ്പെടുന്നുള്ളൂ.നമ്മുടെ സ്‌ഥൂല ശരീരത്തിനുള്ളില്‍ ഒരു സൂക്ഷ്‌മ ശരീരമുണ്ട്. മരണസമയത്ത് ഈ സൂക്ഷ്‌മശരീരം സ്‌ഥൂലശരീരത്തില്‍നിന്ന് എല്ലാ വാസനകളോടും അഭിരുചിയോടും കൂടി പുറത്തേക്ക് വരുന്നു. അത് ഒരു നീരാവിപോലെയാണ്-ബാഹ്യനേത്രങ്ങളാല്‍ കാണാന്‍ പറ്റാത്തതുമാണ്. ഈ സൂക്ഷ്‌മശരീരം (ആത്മാവ്) സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ അതിന്റെ കര്‍മ്മഫലമനുസരിച്ച് പോകുന്നു. പിന്നീട് ഈ സൂക്ഷ്‌മാവസ്‌ഥയില്‍നിന്ന് മറ്റൊരു ശരീരം ഉള്‍ക്കൊള്ളുമ്പോഴാണ് 'പുനര്‍ജ്‌ജന്മ'മെന്ന അവസ്‌ഥ കൈവരുന്നത്.ഈ ജന്മത്തില്‍ നികൃഷ്‌ഠജീവിതം നയിച്ച ഒരു പാപാത്മാവ് തന്റെ മരണാനന്തരം പ്രേതലോകത്തിലേക്ക് പോകുന്നു. സല്‍കര്‍മ്മങ്ങള്‍ ചെയ്‌തവര്‍ പിതൃലോകമായ ചന്ദ്രലോകത്തില്‍ സ്വര്‍ഗ്ഗീയസുഖങ്ങള്‍ അനുഭവിച്ച് വീണ്ടും മനുഷ്യലോകത്തില്‍ ഒരു സ്‌ത്രീയുടെ ഗര്‍ഭത്തില്‍- തന്റെ കര്‍മ്മഫലത്തിനനുസൃതമായി എത്തിച്ചേരുന്നു. സൂക്ഷ്‌മശരീര തേജസ്വികള്‍ സ്വര്‍ഗ്ഗത്തില്‍ സകലവിധ സുഖങ്ങളും അനുഭവിച്ച് വീണ്ടും ഭൂമിയില്‍ ജന്മമെടുക്കുന്നു. ഒരാത്മാവ് പരമാത്മാവില്‍ വിലയം പ്രാപിച്ചാല്‍ ജനനമരണമില്ലാതെ നിത്യാനന്ദത്തില്‍ കഴിയുമെന്നാണ് സങ്കല്‌പം. ഫലേച്‌ഛകൂടാതെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിച്ച വിഷ്‌ണുഭക്‌തര്‍ വൈകുണ്‌ഠത്തിലും, ശൈവഭക്‌തര്‍ കൈലാസത്തിലും എത്തിച്ചേര്‍ന്ന് അവസാനം ശാശ്വതമായ പരബ്രഹ്‌മത്തില്‍ ലയിച്ചു ചേരുമത്രേ!പ്രേതലോകത്തില്‍ ദുഃഖിച്ചുകഴിയുന്ന ജീവാത്മാക്കളെ ശ്രാര്‍ദ്ധകര്‍മ്മത്തിലൂടെ സഹായിക്കാന്‍ കഴിയും. ഈ കര്‍മ്മത്തിലൂടെ ആത്മാക്കളെ ബന്ധനത്തില്‍നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗപ്രാപ്‌തിക്കായി സഹായിക്കുമെന്നാണ് സങ്കല്‌പം.ആത്മഹത്യ ചെയ്യുന്നവരുടെയും ദുര്‍മരണപ്പെട്ടവരുടേയും ആത്മാക്കള്‍ക്ക് സല്‍ഗതി കിട്ടാന്‍ ബന്ധുക്കള്‍ ധാരാളം ദാനധര്‍മ്മാദികള്‍ ചെയ്യണമെന്നും മഹാത്മാക്കളെക്കൊണ്ട് (നല്ല പരികര്‍മ്മി) പ്രാര്‍ത്ഥന നടത്തണമെന്നും ശാസ്‌ത്രം പറയുന്നു. ഗതികിട്ടാതെ വന്ന ഒരാത്മാവിന് തന്റെ പ്രാര്‍ത്ഥനയാല്‍ സത്‌ഗതി കിട്ടിയതായി 'അഭേദാനന്ദസ്വാമികള്‍' പറഞ്ഞിട്ടുണ്ട്.മരണാനന്തര ബലികര്‍മ്മങ്ങള്‍ ചെയ്യേണ്ട രീതിയേക്കുറിച്ച് 'ഗരുഡപുരാണ'ത്തില്‍ ഗരുഡന്റെ ചോദ്യത്തിനുത്തരമായി ഭഗവാന്‍ മഹാവിഷ്‌ണു വിവരിക്കുന്നുണ്ട്.
പ്രേതബാധ-പ്രശ്‌നത്തില്‍
ആത്മാവിന് ഗതികിട്ടാതെ വരുമ്പോഴാണ് അവ പ്രേതരൂപമായി അലയുന്നത്. അവ സ്വജനങ്ങളെ തന്നെ ഉപദ്രവിക്കുന്നു. അതിനാല്‍ ഏതുപ്രേതം ഏതു കാരണത്താല്‍ എന്നു അറിഞ്ഞുവേണം ദോഷപരിഹാരം നിര്‍ദ്ദേശിക്കാന്‍. അതെങ്ങനെയെന്ന് നോക്കാം.
1. ഗുളികന്‍ ബാധാരാശിയിലോ, ആരൂഡലഗ്നത്തിന്റെ 6, 8, 12 എന്നീ ഭാവങ്ങളിലോനിന്നാല്‍ പ്രേതകോപമുണ്ടെന്ന് കണക്കാക്കാം.
2. ഈ ഗുളികന് (മാന്ദി) കുജയോഗമോ, കുജദൃഷ്‌ടിയോ ഉണ്ടെങ്കില്‍, ആയുധം, വ്രണം ഇവ നിമിത്തമോ, വിഷം കഴിച്ചോ മരണമടഞ്ഞ ഒരാളുടെ പ്രേതമാണെന്ന് അനുമാനിക്കാം.
3. ഗുളികന്‍ ശനിയുടെ ക്ഷേത്രത്തില്‍ നില്‍ക്കുക, അംശിക്കുക ഗുളികന് ശനിയുടെ യോഗദൃഷ്‌ടി വരികഇങ്ങനെയായാല്‍ മരിച്ചതോ, തൂങ്ങിമരണമോ, മരം, കല്ല് ഇവ വീണ് മരിച്ച തോ ആയ ആളുടെ പ്രേതമാണെന്ന് പറയാവുന്നതാണ്.
4. ഗുളികന്‍ ബാധാരാശിയിലോ (ആരൂഢലഗ്നം ചരരാശിയാണെങ്കില്‍ 11-ാം ഭാവംകൊണ്ടും, സ്‌ഥിരരാശിയാണെങ്കില്‍ 9-ാം ഭാവംകൊണ്ടും, ഉഭയരാശിയാണെങ്കില്‍ 7-ാം ഭാവംകൊണ്ടും ബാധാസ്‌ഥാനം കാണേണ്ടതാണ്). 6, 8, 12-ലോ രാഹുവിന്റെ യോഗമോ, ദൃഷ്‌ടിയോ ഉണ്ടെങ്കില്‍ പാമ്പുകടിച്ചു മരിച്ചയാളുടെ പ്രേതമാണെന്ന് പറയാം.
5. ഗുളികന്‍ പാപനോടുകൂടി ബാധാരാശിയിലോ, 6, 8, 12-ലോ നില്‍ക്കുകയും അത് 'ജലരാശി'യാകുകയും ചെയ്‌താല്‍ വെള്ളത്തില്‍ വീണ് മരിച്ചയാളുടെ പ്രേതമാണെന്ന് പറയാം.
6. ഗുളികന് പാപഗ്രഹ സംബന്ധമുണ്ടായാല്‍ ദുര്‍മൃതി പ്രേതങ്ങളെ ചിന്തിക്കണം.
7. പ്രേതം ആണോ, പെണ്ണോ?ഗുളികന്റെ സ്‌ഥിതിയും അംശകവും ഓജരാശി (പുരുഷ)യിലായിരുന്നാല്‍ പുരുഷ പ്രേതവും, യുഗ്മരാശി (പെണ്‍)യിലായാല്‍ സ്‌ത്രീ പ്രേതമെന്നും പറയാവുന്നതാണ്.ബാധാപ്രശ്‌നത്തില്‍ പ്രേതങ്ങളുമായി പ്രശ്‌നംവയ്‌ക്കാന്‍ വന്ന വ്യക്‌തിക്ക് (പൃശ്‌ചകന്) എന്തെങ്കിലും ബന്ധമുണ്ടോ, പ്രേതത്തിന്റെ പ്രായം, ജാതി, എത്ര പ്രേതങ്ങള്‍ ഇവയെല്ലാം നിരൂപിക്കാന്‍ ശാസ്‌ത്ര നിര്‍ദ്ദേശങ്ങളുണ്ട്. കൂടാതെ ബാധയെ കണ്ടുപേടിച്ചതുകൊണ്ടാണോ രോഗം, ബാധാവേശം ഉണ്ടായത് ഏതുപ്രദേശത്തുവച്ചാണ് എന്നീ കാര്യങ്ങളും പ്രശ്‌നചിന്തനത്തില്‍ പ്രവചിക്കാവുന്നതാണ്.
പ്രേതകോപംമൂലം എന്തു നാശമാണ് വരാന്‍ പോകുന്നത്-എന്താണ് പരിഹാരം
പ്രേതകോപംമൂലം സന്താനനാശം, രോഗം, ദുരിതം മുതലായ അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകും. അഷ്‌ടകശ്രാദ്ധം, പാര്‍വ്വണശ്രാദ്ധം തുടങ്ങിയ ശ്രാദ്ധകര്‍മ്മങ്ങളും ക്ഷേത്രപിണ്ഡം, ഏകാദശിപിണ്ഡം തുടങ്ങിയ പിണ്ഡകര്‍മ്മങ്ങളും തിലഹവനം മുതലായ ഹോമങ്ങളും ചെയ്‌തും ഉത്തമന്മാരായ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം കൊടുത്തും അനാഥര്‍ക്ക് അന്നദാനം ചെയ്‌തും പ്രേതപ്രീതിയും ഗതിയും വരുത്തണം.പ്രേതങ്ങള്‍ക്ക് ഗതിവന്നാല്‍ എല്ലാവിധ സമ്പത്ത്, സമാധാനം, സന്തോഷം, സന്താനലാഭം എന്നിവ അനുഭവവേദ്യമാകും.ഇത്തരുണത്തില്‍ വിവിധ പ്രേതബാധകളെക്കുറിച്ചും അവയെ ബന്ധിച്ചതിനെക്കുറിച്ചുമുള്ള അനുഭവ കഥകള്‍-ജ്യോതിഷഭൂഷണത്തില്‍ 'മാന്ത്രികലോക'മെന്ന ശീര്‍ഷകത്തില്‍ ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍ എഴുതിയിരുന്ന ലേഖന പരമ്പരകള്‍ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. പ്രേതങ്ങള്‍ അന്ധവിശ്വാസമാണോ, അല്ലയോ എന്ന് സ്വയം വിലയിരുത്തുക എന്നു മാത്രമേ മാന്യ വായനക്കാരോട് പറയാന്‍ കഴിയൂ.


Comments
Post a Comment