പ്രേതബാധ, ദൃഷ്‌ടിബാധ, ബാലഗ്രഹ ബാധ

പ്രേതബാധ, ദൃഷ്‌ടിബാധ, ബാലഗ്രഹ ബാധ
മനുഷ്യജീവിതത്തെ ഏറെ ദുരിതത്തില്‍ ആഴ്‌ത്തുവാന്‍ കഴിവുള്ള മഹാമാരിയാണ്‌ പ്രേതബാധ. മരിച്ച ബന്ധുക്കള്‍ക്കോ, പൂര്‍വ്വികര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ചെയ്യേണ്ട മരണാനന്തര ക്രിയകള്‍ ചെയ്യാത്തതിനാലാണ്‌ പരേതാത്മാക്കള്‍ പിശാച്‌ പ്രാപിച്ച്‌ സ്വജനങ്ങളെ ബാധിക്കുന്നതെന്ന്‌ സ്‌മൃതികളില്‍ സൂചിപ്പിച്ചിരിക്കുന്നു.പ്രേതബാധ പലരുടേയും ദാമ്പത്യവും ജോലിയും സ്വസ്‌ഥ ജീവിതവും തകരാറിലാക്കുകയും പലപ്പോഴും ഉന്മാദം പോലുളള രോഗങ്ങള്‍ക്കുപോലും കാരണമാവുകയും ചെയ്യുന്നു.കൂടാതെ പ്രേതബാധ സന്താനനാശത്തിനും കാരണമാകുന്നതാണ്‌. ഗുളികന്‍ ബാധരാശിയിലോ അനിഷ്‌ടരാശിയിലോ നില്‍ക്കുമ്പോള്‍ പ്രേതബാധയുണ്ടെന്ന്‌ തിരിച്ചറിയാം.ഏതേതു പാപഗ്രഹങ്ങള്‍ ഗുളികനുമായി ചേര്‍ന്നിരിക്കുന്നു എന്നതനുസരിച്ച്‌ പരേതന്റെ മരണ കാരണം അഗ്നിമൂലമോ, വിഷം മൂലമോ ജലം മൂലമോ എന്നൊക്കെ മനസ്സിലാക്കാം.ഗുളികനും നാലാം ഭാവവുമായി ബന്ധമുണ്ടായാല്‍ പ്രേതം വീടുമായി ബന്ധപ്പെട്ടതാണെന്ന്‌ മനസ്സിലാക്കാം. പ്രേതപ്രീതിവരുത്താനായി, കാല്‍ കഴുകിച്ചൂട്ട്‌ തുടങ്ങിയ കര്‍മ്മങ്ങളും പ്രേതത്തിന്‌ സായൂജ്യം നല്‍കാനുളള കര്‍മ്മങ്ങളും ചെയ്യണം. ഈ കര്‍മ്മത്തിലൂടെ ആത്മാക്കളെ ബന്ധനത്തില്‍നിന്ന്‌ മോചിപ്പിച്ച്‌ സ്വര്‍ഗ്ഗപ്രാപ്‌തിക്കായി അര്‍ഹരാക്കാന്‍ കഴിയുമെന്നാണ്‌ സങ്കല്‌പം.പാര്‍വ്വണം, അഷ്‌ടകശ്രാദ്ധം തുടങ്ങിയ ശ്രാദ്ധകര്‍മ്മങ്ങളും ക്ഷേത്രപിണ്ഡം, ഏകാദശിപിണ്ഡം തുടങ്ങിയ പിണ്ഡകര്‍മ്മങ്ങളും പരിഹാരമാണ്‌. വിഷ്‌ണുക്ഷേത്രത്തില്‍ നമസ്‌ക്കാരം ചെയ്യിക്കുന്നതും ഫലപ്രദമാണ്‌.അനാഥര്‍ക്ക്‌ അന്നദാനം ചെയ്‌ത് പ്രേതപ്രീതിക്കും ഗതിയും വരുത്തണം. പ്രേതത്തെ ആവാഹിച്ച്‌ അവരവര്‍ക്ക്‌ പറഞ്ഞിട്ടുള്ള ക്ഷേത്രത്തില്‍ (ഗോപി, ചന്ദ്രക്കല, താലി മുതലായവ) സമര്‍പ്പിക്കുന്നതും ദുരിത ശാന്തി നല്‍കുന്നതാണ്‌. ആവാഹിച്ചു നീക്കാന്‍ കഴിയാത്ത പ്രേതബാധയെ കുടിയിരുത്തേണ്ടതായും വരും.
ദൃഷ്‌ടിബാധ
ബാധക സ്‌ഥാനാധിപതി ലഗ്നത്തെയോ, ലഗ്നാധിപനെയോ ദൃഷ്‌ടി ചെയ്‌താല്‍ ദൃഷ്‌ടിബാധാ ദോഷം പറയാം. അഥവാ ഏഴാം ഭാവാധിപതി ബാധക സ്‌ഥാനത്ത്‌ നില്‍ക്കുമ്പോഴും ദൃഷ്‌ടിബാധ കണക്കാക്കണം.ദേവതയുടെ അല്ലെങ്കില്‍ പൈശാചിക ശക്‌തികളുടെ ദൃഷ്‌ടിയില്‍ പെടുന്നതിനാല്‍ മനുഷ്യര്‍ക്ക്‌ ദൃഷ്‌ടിബാധാ ദോഷം സംഭവിക്കുന്നുവെന്ന്‌ 'സന്താനദീപിക' എന്ന ഗ്രന്ഥത്തില്‍ പറയുന്നു.ഇത്‌ മിക്കപ്പോഴും സംഭവിക്കുന്നത്‌ അസമയങ്ങളില്‍ ഒറ്റയ്‌ക്ക് വിജനമായ വഴികഴിലൂടെയോ, പറമ്പുകളിലൂടെയോ സഞ്ചരിക്കുന്നവര്‍ക്കായിരിക്കും. ദൃഷ്‌ടിബാധ മൂലം പലവിധ മാനസിക അസ്വസ്‌ഥതകളും ഉണ്ടാകുന്നു.ഇവയില്‍ പലതും ശാരീരിക രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നു. അസമയങ്ങളില്‍ കഴിയുന്നതും ഒറ്റയ്‌ക്ക് സഞ്ചരിക്കരുത്‌. ദൃഷ്‌ടിബാധയും അനുയോജ്യമായ കര്‍മ്മപദ്ധതിയിലൂടെ ആവാഹിച്ച്‌ ഒഴിവാക്കേണ്ടതാണ്‌.
ബാലഗ്രഹ ബാധ
ബാലകരെ മാത്രം ബാധിക്കുന്ന ഒരു വിഭാഗം ബാധാ ഗ്രഹങ്ങളാണ്‌ ഈ ബാധയ്‌ക്ക് കാരണമാകുന്നത്‌. ശനി, ബുധന്‍ എന്നീ ഗ്രഹങ്ങളോ, മിഥുനം, മകരം രാശികളോ ബാധാ സ്‌ഥാനത്ത്‌ വന്നാല്‍ ബാലഗ്രഹ പീഡ കണക്കാക്കണം.കുട്ടികള്‍ക്ക്‌ നിരന്തരമായ അസുഖങ്ങള്‍ വരിക, കുഞ്ഞുങ്ങള്‍ മിക്കപ്പോഴും പേടിച്ചതുപോലെ കരയുക, അവര്‍ക്ക്‌ ആവശ്യമായ ശാരീരികവും മാനസികവുമായ കഴിവുകള്‍ ഇല്ലാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ ബാലഗ്രഹബാധയുടേതാകാം.മരുന്നും മന്ത്രവും ചേര്‍ന്ന ചികിത്സ തന്നെ നല്‍കിയാല്‍ മാത്രമേ ബാലഗ്രഹ ബാധ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയൂ. വഴിപാടുകള്‍ ദീര്‍ഘകാലം തുടരേണ്ടതുമാണ്‌.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.