പൂജവെയ്പ്പ് എങ്ങിനെ നടത്തണം

പൂജവെയ്പ്പ് എങ്ങിനെ നടത്തണം
ഹരി ഓം.
ദുർഗാഷ്ടമിദിവസം വൈകുന്നേരമാണ് പൂജവെയ്പ്പ്. പൊതുവെ കേരളത്തിലുള്ളവർ ക്ഷേത്രങ്ങളിലും മറ്റുസ്ഥലങ്ങളിൽ ഉള്ളവർ വീടുകളിലോ അല്ലെങ്കിൽ മലയാളി സമാജം ഒരുക്കുന്ന പ്രത്യേക വേദികളിലോ ആയിരിക്കും. വീട്ടിലായാലും, സമിതികളുടെ നേതൃത്വത്തിൽ മറ്റു വേദികളിലായാലും എങ്ങിനെയാണ് പൂജവെയ്പ് നടത്തേണ്ടത് എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
കുട്ടികൾ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെൻസിൽ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം. മറ്റുള്ളവർ കർമ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കൾ, ഭഗവത്‌ ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങൾ എന്നിവയും പൂജയ്ക്ക്‌ വെയ്ക്കണം.
വീട്ടിലാണെങ്കിൽ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കൾ, കരിന്തിരി, ചന്ദനതിരി പൊടി എന്നിങ്ങനെയുള്ള അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കണം. ശുദ്ധജലം കൊണ്ട്‌ പൂജാമുറിയിലെ ഫോട്ടോകളും മറ്റും തുടച്ച് വൃത്തിയാക്കണം.
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയിൽ ഒരു പീഠം വെച്ച്‌ അതിലോ അല്ലെങ്കിൽ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയിൽ വെയ്ക്കരുത്‌.
ഒരു നിലവിളക്ക്‌ അഞ്ചുതിരിയിട്ട കത്തിക്കണം.
ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക.
ഫോട്ടോ വെയ്ക്കുമ്പോൾ നടുവിൽ സരസ്വതി, വലതുഭാഗത്ത്‌ ഗണപതി, ഇടതുഭാഗത്ത്‌ മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്.
ഈ മൂന്ന് മൂർത്തികൾക്കും മാലയും മറ്റു പുഷ്പങ്ങളും ചാർത്തണം. തുടർന്ന് പുതിയ ബെഡ്ഷീറ്റോ, പായയോ, പേപ്പറോ വെച്ച്‌ അതിൽ പൂജയ്ക്കു വെയ്ക്കാനുള്ളതെല്ലാം വെക്കണം.
ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച്‌ അതിൽ രണ്ടോ മൂന്നോ തുളസിയില ഇടുക എന്നിട്ട് വലതുകൈകൊണ്ട്‌ അടച്ചുപിടിക്കുക. അതിനുമുകളിൽ ഇടതുകൈ വെച്ച്‌
‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധം കുരു’
എന്ന മന്ത്രം ചൊല്ലി കിണ്ടിയുടെ മുരലിൽ കൂടി വലതു കയ്യിൽ അല്പം ജലം എടുത്ത് അതി കിണ്ടിയിൽ തന്നെ ഒഴിക്കുക എന്നിട്ട്
തീർത്ഥമായി സങ്കൽപിച്ച്‌ ഒരു തുളസിയിലകൊണ്ട്‌ പുസ്തകത്തിലും മറ്റും തെളിച്ച്‌ ശുദ്ധി വരുത്തുക.
നിവേദ്യം അർപ്പിച്ച്‌ പൂജ ചെയ്ത്‌ കർപ്പൂരം കാണിക്കണം.
അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത്‌ ആരതി ഉഴിയണം.
വിജയദശമി ദിവസം പൂജാമുറി പുഷ്പങ്ങൾ കൊണ്ടും മറ്റും ഭംഗിയായി അലങ്കരിക്കുക. ഫോട്ടോയിലും പുസ്തകങ്ങളിലും മറ്റും ചന്ദനം തൊടുക. ഗണപതിയുടെയും, സരസ്വതിയുടെയും, മഹാലക്ഷ്മിയുടെയും മറ്റു ദേവതമാരുടെയും ഫോട്ടോകളിലും മറ്റും മാലകളും പുഷ്പങ്ങളും ചാർത്തുക.
വലതു വശത്തും ഇടതു വശത്തും കരിമ്പ്‌ വെയ്ക്കണം.
തുടർന്ന്, പായസം, പയർ, അവിൽ, മലർ, ശർക്കര, പഴം, മറ്റു ഇഷ്ടമുള്ള നിവേദ്യങ്ങൾ തയ്യാറാക്കി ആദ്യം ഗണപതിക്ക് തേങ്ങയുടച്ച് പൂജചെയ്യുക,
തുടര്‍ന്ന് സരസ്വതി മന്ത്രങ്ങൾ ചൊല്ലുകയും ശ്രീലളിത അഷ്ടോത്തരശതനാമാവലികൊണ്ട്‌ പുഷ്പാർച്ചന നടത്തുകയും ചെയ്യണം. തുടർന്ന് തുടർന്ന് നിവേദ്യം അർപ്പിച്ച് അതിനുശേഷം കർപ്പൂരം ആരതി കാണിച്ച്‌ പൂജയ്ക്ക്‌ വെച്ചെതെല്ലാം എടുക്കുക.
തുടർന്ന് ഒരു താലത്തിൽ അല്പം അരിയെടുത്ത് അരിയിൽ മുതിർന്നവരിൽ ഒരാൾ അല്ലെങ്കിൽ ഗുരു സ്ഥാനത്തുള്ളവർ പറഞ്ഞു തരുന്നതിനനസരിച്ച്
‘ഹരിശ്രീഗണപതയേ നമ:
അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:’
എന്ന് വലതു ചൂണ്ടാണി വിരൽ കൊണ്ട്‌ എഴുതുക. തുടർന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസിൽ ധ്യാനിച്ച്‌ പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത്‌ വായിച്ച്‌, ബുദ്ധിയും ശക്തിക്കുമായി പ്രാർത്തിച്ച്‌ നമസ്കരിക്കുകയും ചെയ്യുക.
ഇതാണ് പുസ്തകപൂജ ചടങ്ങിന്റെ രീതി.
ഹരി ഓം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.